ഫാദർ ഡാമിയൻ
ബൽജിയത്തിലെ ട്രമലോയിൽ കച്ചവടക്കാരനായ ജോനാസ് ഫ്രാൻസിസ്കസ് ഡെ വ്യുസ്റ്ററിന്റെയും ആനി കാതറൈൻ ഡെ വ്യുസ്റ്ററിന്റെയും ഏഴാമത്തെ പുത്രനായി 1840 ജനുവരി 3നു ജോസഫ് ഡെ വ്യുസ്റ്റർ ജനിച്ചു. ബ്രെയ്നെ ലെ കോംറ്റോയിൽ കോളേജ് വിദ്യാഭ്യാസത്തിനു ശേഷം ല്യൂവെൻ എന്ന സ്ഥലത്തു 'കോൺഗ്രിഗേഷൻ ഓഫ് ദ സേക്രട്ട് ഹാർട്ട് ഓഫ് ജീസസ് ആൻഡ് മേരി' എന്ന സന്യാസസഭയിൽ ചേർന്ന ജോസഫ് ഡെ വ്യുസ്റ്റർ ആദ്യ വ്രതത്തോടൊപ്പം ഡാമിയൻ എന്ന പേരു സ്വീകരിച്ചു. മിഷണറി ജോലികൾക്കായി വിദേശത്തേയ്ക്കു പോവുക എന്ന തന്റെ സഹോദരന്റെ നടക്കാതെ പോയ മോഹം ഏറ്റെടുത്ത്, ഫാദർ ഡാമിയൻ ഒരു വിദേശദൗത്യത്തിനായി പുറപ്പെട്ടു.1864 മാർച്ച് 19നു ഹോണോലുലു കടൽതീരത്ത് ഫാദർ ഡാമിയൻ ഒരു മിഷണറിയായി കപ്പലിറങ്ങി. 1864 മെയ് 24നു ഹോണോലുലുവിലെ ഔവർ ലേഡി ഓഫ് പീസ് കത്തീഡ്രൽപള്ളിയിൽ വച്ച് അദ്ദേഹം പൗരോഹിത്യ കൂദാശ സ്വീകരിച്ചു. തുടർന്ന് പൊതുജനാരോഗ്യരംഗത്ത് പ്രതിസന്ധികൾ നിലനിന്നിരുന്ന ഒവാഹു ദ്വീപിലെ പല ഇടവകകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഹവായ് ദ്വീപിലെത്തുന്ന വിദേശീയരായ കച്ചവടക്കാരും, നാവികരും, ഹവായിയൻ ജനതയ്ക്കു വിവിധ രോഗങ്ങൾ സമ്മാനിച്ചിരുന്നു. മുൻപൊരിക്കലും ഹവായിയിൽ കേട്ടുകേൾവി പോലുമില്ലാതിരുന്ന, ഇൻഫ്ലുവൻസ, സിഫിലിസ് തുടങ്ങിയ അസുഖങ്ങൾ ബാധിച്ച്, ആയിരങ്ങൾ മരിക്കാനിടയായി. 'ഹാൻസെൻസ് രോഗം' എന്നു പൊതുവെ അറിയപ്പെടുന്ന കുഷ്ഠരോഗവും ഇക്കൂട്ടത്തിൽ ഹവായിലെത്തി. കുഷ്ഠരോഗം പടർന്നു പിടിക്കുന്നതു ഭയന്ന്, രാജാവായ കമേഹാമെഹ രാജ്യത്തെ കുഷ്ഠരോഗികളെയെല്ലാം ഹവായിയുടെ വടക്കു ഭാഗത്തുള്ള മൊളോക്കായ് ദ്വീപിലെ ഒരു സെറ്റിൽമെന്റ് ക്യാമ്പിലേയ്ക്കു മാറ്റി പാർപ്പിച്ചു. ഭരണകൂടം ഇവർക്കു ഭക്ഷണവും മറ്റ് സാമഗ്രികളും നൽകിയിരുന്നെങ്കിലും, കുഷ്ഠരോഗികളെ പരിപാലിക്കാനോ, അവരുടെ ശരിയായ ആരോഗ്യ സംരക്ഷണത്തിനോ ആരുമില്ലായിരുന്നു.
കുഷ്ഠരോഗികൾക്ക് അവരുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റാൻ ഒരു വൈദികനെങ്കിലും വേണമെന്നു വിശ്വസിച്ചിരുന്ന മോൺസിഞ്ഞോർ ലൂയിസ് മൈഗ്രേറ്റ്, ഒരു വൈദികനെ കുഷ്ഠ രോഗികളോടൊപ്പം ജീവിക്കാനവിടേയ്ക്കയക്കുന്നത് മരണശിക്ഷയ്ക്കു വിധിയ്ക്കുന്നതിനു തുല്യമാണല്ലോ എന്നോർത്താകുലപ്പെട്ടിരുന്നു. പ്രാർത്ഥനാപൂർവമായ വിചിന്തനത്തിനു ശേഷം, ഫാദർ ഡാമിയൻ ആ ദൗത്യം ഏറ്റെടുത്തു മൊളോകായിലേയ്ക്കു പോകാൻ തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ടു.
1873 മെയ് 10നു ഫാദർ ഡാമിയൻ കലാവുപാപയിലെ ഒറ്റപ്പെട്ട സെറ്റിൽമെന്റ് ക്യാമ്പിലെത്തി. കോളനി നിവാസികൾക്കു ഫാദർ ഡാമിയനെ പരിചയപ്പെടുത്തി കൊണ്ടു ബിഷപ് മൈഗ്രേറ്റ് ഇങ്ങനെ പറഞ്ഞു. 'നിങ്ങളോടുള്ള സ്നേഹത്താൽ, നിങ്ങളിലൊരാളായി, നിങ്ങളോടൊപ്പം ജീവിച്ച്, നിങ്ങളോടൊപ്പം മരിക്കാൻ തയാറായ ഇദ്ദേഹം നിങ്ങൾക്കൊരു പിതാവിനെ പോലെയായിരിയ്ക്കും.' പർവത നിരകളാൽ ചുറ്റപ്പെട്ട കോളനിയിൽ, അറുന്നൂറിലധികം കുഷ്ഠരോഗികൾ ജീവിച്ചിരുന്നു. അവിടെ ഒരു പള്ളി പണിത്, സെയ്ന്റ് ഫിലോമിനാ എന്ന ഇടവക സ്ഥാപിക്കുകയായിരുന്നു ഫാദർ ഡാമിയന്റെ ആദ്യദൗത്യം.
കലാവുപാപയിലെ കുഷ്ഠരോഗികൾക്ക് അല്പമെങ്കിലും ആശ്വാസം നൽകാൻ കെൽപ്പുള്ള ഒരേയൊരു വ്യക്തി, ഫാദർ ഡാമിയൻ മാത്രമായിരുന്നുവെന്ൻ ഹവായിലെ കത്തോലിക്കാസഭയുടെ ചരിത്രം രേഖപ്പെടുത്തുന്നതിനു വേണ്ടി അവരോടൊപ്പം പ്രവർത്തിച്ച, ഹവായി യൂണിവേഴ്സിറ്റിയിലെ ചരിത്രകാരന്മാർ പറയുന്നു. വെറുമൊരു വൈദികന്റെ സ്ഥാനം മാത്രമായിരുന്നില്ല, ഫാദർ ഡാമിയനവിടെ. മറിച്ച്, അദ്ദേഹമവരുടെ വൃണങ്ങൾ കഴുകി കെട്ടുകയും, അവർക്കു താമസിക്കാൻ വീടു കെട്ടി കൊടുക്കുകയും, കിടക്കയൊരുക്കി കൊടുക്കുകയും ചെയ്തിരുന്നു. മരിച്ചവരെ സംസ്കരിക്കുന്നതിനു വേണ്ടി ശവപ്പെട്ടികൾ ഉണ്ടാക്കുന്നതും, കുഴി വെട്ടുന്നതു പോലും ഫാദർ ഡാമിയനായിരുന്നു.
വിശുദ്ധ പദവിയിലേയ്ക്കുയർത്തുന്നതിനു മുന്നോടിയായിട്ടുള്ള റോമൻ കുരിയയിൽ സാമൂഹിക വിദഗ്ദ്ധർ ഡാമിയനെ പറ്റി ഇങ്ങനെ പറഞ്ഞു: 'മൂല്യങ്ങൾ നഷ്ടപ്പെട്ട, നിയമങ്ങൾ ലംഘിക്കപ്പെട്ടിരുന്ന, ആളുകൾ നിലനിൽപ്പിനു വേണ്ടി പരസ്പരം പോരടിക്കാൻ നിർബന്ധിതരായിരുന്ന മരണത്തിന്റെ കോളനിയിലേയ്ക്കായിരുന്നു ഡാമിയൻ അയക്കപ്പെട്ടത്. ഇത്രയും ചിട്ടയില്ലാത്ത ഒരവസ്ഥയിലായിരുന്നില്ല, ഭരണകൂടം സെറ്റിൽമെന്റ് വിഭാവനം ചെയ്തിരുന്നതെങ്കിലും, മരുന്നിന്റെയും മറ്റു വിഭവശേഷിയുടെയും ഇല്ലായ്മ മൂലം, തികഞ്ഞ അരാജകത്വത്തിലേയ്ക്കു കാര്യങ്ങൾ എത്തിച്ചേരുകയായിരുന്നു. ഡാമിയന്റെ വരവാണ് ആ സമൂഹത്തിൽ ഈ അവസ്ഥയ്ക്കൊരു മാറ്റം വരുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അടിസ്ഥാന നിയമങ്ങൾ പുനസ്ഥാപിക്കപ്പെടുകയും, കൃഷിസ്ഥലങ്ങൾ വീണ്ടെടുക്കപ്പെടുകയും, സ്കൂളുകൾ നിർമ്മിക്കപ്പെടുകയും ചെയ്തു.'
അദ്ദേഹത്തിന്റെ ഡയറിയിൽ നിന്നും ലഭിച്ച സൂചനകളനുസരിച്ച്, 1884 ഡിസംബറിൽ, തന്റെ പതിവു ദിനചര്യയുടെ ഭാഗമായി, വൈകുന്നേരം കാലുകൾ ചൂടുവെള്ളത്തിൽ മുക്കി വച്ചപ്പോൾ, അദ്ദേഹത്തിനു ചൂട് അനുഭവപ്പെട്ടില്ല. കുഷ്ഠരോഗം അദ്ദേഹത്തെ ബാധിച്ചു കഴിഞ്ഞിരുന്നു. കുഷ്ഠരോഗമാണെന്നറിഞ്ഞതിനു ശേഷവും അദ്ദേഹം വീടുകൾ നിർമ്മിക്കുകയും കൂടുതൽ ഊർജ്ജസ്വലനായി താൻ തുടങ്ങിവച്ച കർമ്മപരിപാടികൾ തുടർന്നു പോരുകയും ചെയ്തു.
ഇതിനിടയിൽ, ഫാദർ ഡാമിയനെ പറ്റി കേട്ടറിഞ്ഞ്, അദ്ദേഹത്തെ സഹായിക്കാനായി, അപരിചിതരായ നാലു പേർ എത്തി. ലൂയിസ് ലാംബർട്ട് കോൺറാർടി ഒരു ബെൽജിയൻ വൈദികനായിരുന്നു. സിറാക്കൂസിലെ ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സിന്റെ സുപ്പീരിയറായിരുന്നു, മദർ മരിയന്നെ കോപ്. അമേരിക്കൻ സിവിൽ യുദ്ധത്തിൽ പട്ടാളക്കാരനായി സേവനമനുഷ്ഠിച്ച, മദ്യപാനം മൂലം , വിവാഹ ജീവിതം തകർന്ന ജോസഫ് ഡറ്റൺ ആയിരുന്നു മൂന്നാമത്തെയാൾ. ഇല്ലിനോയിയിലെ ഷിക്കാഗോയിൽ നിന്നുള്ള നേഴ്സ്, ജെയിംസ് സിന്നെറ്റ് നാലാമത്തെ സഹായിയും. കോൺറാർടി വൈദികന്റെ ചുമതലകൾ ഏറ്റെടുത്തപ്പോൾ, മദർ കോപ് ഒരു ആശുപത്രി സ്ഥാപിച്ചു.
ഡറ്റൺ ദ്വീപിലെ കെട്ടിടങ്ങളുടെയും വീടുകളുടെയും നിർമ്മാണ ചുമതല ഏറ്റെടുത്തു. 49ആം വയസ്സിൽ ഫാദർ ഡാമിയൻ മരിക്കുമ്പോൾ, അദ്ദേഹത്തിന്റെ ഇമകൾ അടച്ചു വയ്ക്കുന്നതു വരെ, അദ്ദേഹത്തിന്റെ രോഗത്തിന്റെ അവസാന ഘട്ടത്തിൽ പരിചരിച്ച്, നേഴ്സ് സിന്നെറ്റ് ഒപ്പമുണ്ടായിരുന്നു. ഫാദർ ഡാമിയനെ മൊളോക്കായിൽ തന്നെ സംസ്കരിച്ചെങ്കിലും, 1936ൽ ബൽജിയൻ ഗവണ്മെന്റ്, അദ്ദേഹത്തിന്റെ ശരീരം ആവശ്യപ്പെട്ടു. ഇപ്പോൾ അദ്ദേഹം ജനിച്ച ഗ്രാമത്തിനടുത്തുള്ള ല്യൂവൻ എന്ന കൊച്ചു പട്ടണത്തിൽ, അദ്ദേഹത്തിന്റെ ഭൗതിക ശരീരം അന്ത്യ വിശ്രമം കൊള്ളുന്നു.
Comments
Post a Comment