തോമസ് അക്വീനാസ്
ഇറ്റലിയിൽ മൊന്തെ കസീനോയ്ക്കടുത്തുളള റോക്കസേക്ക എന്ന സ്ഥലത്ത് 1225 അക്വീനാസ് ജനിച്ചു. അക്വിനോ എന്ന ചെറുനഗരത്തിൽ നിന്ന് മൂന്നു മൈൽ അകലെയും നേപ്പിൾസിലും റോമിലും നിന്നു തുല്യ ദൂരത്തിലും ആയിരുന്നു ജന്മസ്ഥലം. അക്വീനോയിലെ ലാൻഡൽഫ് പ്രഭുവും തിയോഡോറയും ആയിരുന്നു മാതാപിതാക്കൾ . 1239 വരെ മൊന്തെ കസീനയിലെ ബനഡിക്ടൻ ആശ്രമത്തിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്തു. പിന്നീട് നേപ്പിൾസ് സർവകലാശാലയി വിദ്യാർത്ഥിയായിരിക്കെ ഡൊമനിക്കൻ സന്യാസി സമൂഹത്തിന്റെ ആദർശങ്ങളിൽ ആകൃഷ്ടനായ അക്വീനാസ് ആ സന്യാസസമൂഹത്തിൽ ചേരാൻ തീരുമാനിച്ചു. ബെനഡിക്ടൻ സന്യാസസമൂഹത്തിൽ ചേർന്ന്, കുടുംബത്തിനു പ്രയോജനപ്പെടുമാറ് ആശ്രമാധിപൻ ആയിത്തീരണം എന്നായിരുന്നു അമ്മയുടേയും മറ്റും ആഗ്രഹം. വീട്ടുകാർ അക്വീനാസിന്റെ മനസ്സു മാറ്റുമെന്നു ഭയന്ന ഡൊമിനിക്കന്മാർ, അദ്ദേഹത്തെ തങ്ങളുടെ സമൂഹത്തിൽ ചേർത്ത് റോമിലേയ്ക്ക് അയച്ചു. അവിടന്ന് പഠനാർത്ഥം പാരിസിലോ കൊളോണിലോ എത്തിക്കുകയായിരുന്നു ഉദ്ദേശം. എന്നാൽ റോമിലേയ്ക്കുള്ള വഴിയിൽ അക്വാപെൻഡെന്റെ എന്ന പട്ടണത്തിനടുത്തു വച്ച്, അമ്മ തിയൊഡോറയുടെ നിർദ്ദേശാനുസരണം, ഫ്രെഡറിക്ക് രാജാവിന്റെ സൈന്യത്തിലെ അംഗങ്ങളായിരുന്ന അക്വീനാസിന്റെ രണ്ടു സഹോദരന്മാർ അദ്ദേഹത്തെ തട്ടിയെടുത്തു കൊണ്ടുപോയി റോക്കാ സെക്കയിലെ സാൻ ജിയോവാനി കോട്ടയിൽ ഒരു വർഷം തടവിൽ വച്ചു.കുടുംബത്തിന്റെ തടവുകാരനായിരിക്കുമ്പോഴും അക്വീനാസ് പഠനനിരതനായിരുന്നു. സഹോദരിമാരിലൊരുവൾ അദ്ദേഹത്തിന് തടവിൽ ഗ്രന്ഥങ്ങൾ എത്തിച്ചു കൊടുത്തിരുന്നു. ഡൊമിനിക്കൻ സമൂഹത്തിൽ ചേരുന്നതിൽ നിന്ന് അക്വീനാസിനെ പിന്തിരിപ്പിക്കാൻ ഇക്കാലത്ത് കുടുംബാങ്ങൾ എല്ലാ വഴികളിലും ശ്രമിച്ചു. പ്രലോഭിപ്പിച്ചു മനസ്സു തിരിക്കാനായി കുടുംബാംഗങ്ങൾ ഒരു യുവസുന്ദരിയെ അദ്ദേഹത്തിന്റെ മുറിയിൽ കടത്തി വിട്ടതായിപ്പോലും പറയപ്പെടുന്നു. എന്നാൽ മുറി ചൂടാക്കാൻ വച്ചിരുന്ന നെരിപ്പോടിൽ നിന്നെടുത്ത ഒരു തീക്കനൽ കാട്ടി അവളെ ഓടിച്ചു വിട്ട ശേഷം വാതിലിൽ ആ തീക്കൊള്ളി കൊണ്ടു തന്നെ കുരിശടയാളം വരയ്ക്കുകയാണത്രെ അക്വീനാസ് ചെയ്തത്.ഒടുവിൽ രണ്ടു വർഷത്തിനു ശേഷം ബന്ധനമുക്തനായ അക്വീനാസ് ഡൊമിനിക്കൻ സമൂഹത്തോടു ചേർന്നു. സഹോദരിമാരുടെ സഹകരണത്തോടെ, കയറിൽ കെട്ടിയിറക്കിയ ഒരു കൊട്ടയിലിരുന്ന് കോട്ടയ്ക്കു താഴെ കാത്തുനിന്നിരുന്ന ഡൊമിനിക്കന്മാരുടെ കൈകളിലെത്തി അക്വീനാസ് രക്ഷപെട്ടതെന്നാണ് ഒരു കഥ.
1272-ൽ ഇറ്റലിയിലെ ഡൊമിനിക്കൻ പ്രവിശ്യാധികാരികൾ, അവിടെ ഒരു പഠനകേന്ദ്രം
തുടങ്ങാൻ ചുമതലപ്പെടുത്തിയതിനെ തുടർന്ന് അക്വീനാസ് പാരിസിൽ നിന്നു പോയി.
പഠനകേന്ദ്രത്തിന്റെ സ്ഥാനത്തിന്റെയും അതിലെ അംഗങ്ങളുടേയും തെരഞ്ഞെടുപ്പ്
അക്വീനാസിനു വിട്ടുകൊടുത്തിരുന്നു. അദ്ദേഹം തെരഞ്ഞെടുത്തത് നേപ്പിൾസ്
നഗരമായിരുന്നു. അവിടെ ദൈവശാസ്ത്രസംബന്ധിയായ സംവാദങ്ങൾക്കും പുതുതായി
സ്ഥാപിക്കുന്ന പഠനകേന്ദ്രത്തിനുവേണ്ടിയുള്ള ജോലികൾക്കും ഇടയ്ക്ക്
മുഖ്യകൃതിയായ സുമ്മാ തിയോളജിയുടെ മൂന്നാം ഭാഗം രചിക്കാനും അദ്ദേഹം സമയം
കണ്ടെത്തി. 1273 ഡിസംബർ മാസം 6-ആം തിയതി നേപ്പിൾസിലെ വിശുദ്ധ
നിക്കോളാസിന്റെ പള്ളിയിൽ കുർബ്ബാന അർപ്പിക്കവേ അക്വീനാസിന് ഒരു ദൈവദർശനം
ഉണ്ടായതായി പറയപ്പെടുന്നു. അതോടെ സുമ്മായുടെ തുടർന്നുള്ള രചനയിൽ
അദ്ദേഹത്തിനു താത്പര്യം ഇല്ലാതായി. സന്തതസഹകാരിയും
കേട്ടെഴുത്തുകാരനുമായിരുന്ന പിപ്പേർണോയിലെ റെജിനാൾഡ്, എഴുത്തു തുടരാൻ
അഭ്യർത്ഥിച്ചപ്പോൾ അക്വീനാസിന്റെ മറുപടി ഇതായിരുന്നു. "റെജിനാൾഡ്,
എനിക്കിനി എഴുതുക വയ്യ; എനിക്കു വെളിപ്പെടുത്തപ്പെട്ട രഹസ്യങ്ങൾക്കു
മുൻപിൽ, ഞാൻ എഴുതിയതൊക്കെ വൈക്കോൽ സമമായി കാണപ്പെടുന്നു. സുമ്മാ തിയോളജിയേ മൂന്നാം ഭാഗം തൊണ്ണൂറാം പ്രശ്നം വരെയെത്തി പൂർത്തിയാകാതെ നിന്നു.
പാശ്ചാത്യ, പൗരസ്ത്യ ക്രിസ്തീയ സഭകൾ തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കി താൻ
വിളിച്ചു കൂട്ടുന്ന ലിയോണിലെ രണ്ടാം സഭാ സമ്മേളനത്തൽ പങ്കെടുക്കാൻ
ഗ്രിഗോരിയോസ് പത്താമൻ മാർപ്പാപ്പ അക്വീനാസിനെ വിളിച്ചു. ഉർബൻ നാലാമൻ
മാർപ്പാപ്പയുടെ ആവശ്യാനുസരണം അക്വീനാസ് രചിച്ച "യവനരുടെ അബദ്ധങ്ങൾക്കെതിരെ"
(Contra errores graecorum) എന്ന രചന ആ സമ്മേളനത്തിൽ അവതരിപ്പിക്കാൻ
ഉദ്ദേശിച്ചിരുന്നു.ശരീരസുഖമില്ലാതിരുന്നിട്ടും സമ്മേളനത്തിൽ പങ്കെടുക്കാൻ അക്വീനാസ്
യാത്രതിരിച്ചു. അപ്പിയൻ വഴിയിൽ കഴുതപ്പുറത്ത് സഞ്ചരിയ്ക്കെ വഴിയിൽ
വീണുകിടത്തിരുന്ന ഒരു മരത്തിന്റെ ശാഖയിൽ തല ഇടിച്ചതിനെ തുടർന്ന് അവശനായ
അദ്ദേഹത്തെ
മോണ്ടെ കാസിനോ കൊട്ടാരത്തിലേയ്ക്ക് കൊണ്ടു പോയി. വിശ്രമിച്ചശേഷം യാത്ര
തുടർന്നെങ്കിലും വീണ്ടും ആരോഗ്യം വഷളായതിനെ തുടർന്ന് ഫൊസനോവയിലെ
ബെനഡിക്ടന്മാരുടെ സിസ്റ്റേഴ്സിയൻ ആശ്രമത്തിലെത്തിച്ചു. "കർത്താവ് എന്നെ
കോണ്ടുപോകുന്നെങ്കിൽ അത് ഒരു ലൗകിക ഭവനത്തിൽ നിന്നെന്നതിനു പകരം ഒരു
ധർമ്മഗൃഹത്തിൽ നിന്നാകട്ടെ" എന്ന അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ചാണ്
അദ്ദേഹത്തെ ആ സന്യാസഭവനത്തിലെത്തിച്ചത്.
ഫോസനോവയിലെ സന്യാസികൾ അക്വീനാസിനെ സ്നേഹപൂർവം ശുശ്രൂഷിച്ചു. അവരുടെ
ശുശ്രൂഷയുടെ തീക്ഷ്ണത കണ്ട് വിനയപ്രകൃതിയായ അക്വീനാസ്, "കർത്താവിന്റെ
ദാസന്മാർ എന്റെ വിറകുപെറുക്കികളാകാനുള്ള ബഹുമാനം എനിക്കെവിടന്നു കിട്ടി"
എന്നു ആശ്ചര്യപ്പെട്ടു. അവിടെ 1274-ൽ 49 വയസ്സു മാത്രമുണ്ടായിരുന്ന അക്വീനാസ് മരിച്ചു. ഫോസനോവയിലെ സന്യാസികളുടെ അഭ്യർത്ഥന അനുസരിച്ച് ബൈബിളിലെ ഉത്തമഗീതത്തിന് ഒരു വ്യാഖ്യാനം പറഞ്ഞുകൊടുക്കുന്നതിനിടയിലാണ് അദ്ദേഹം മരിച്ചതെന്ന് പറയപ്പെടുന്നു.
Comments
Post a Comment